Friday, May 12, 2017

മഹാറാണ പ്രതാപ്


ഇന്നേക്ക് 477 വർഷങ്ങൾക്ക് മുമ്പ് ചിത്തോറിനെ സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ ഇതിഹാസ ഭൂമിയാക്കിയ മഹാ റാണാ പ്രതാപ് ജനിച്ചു. ധീരനായ ആ യോദ്ധാവിന്റെ 477-ാം ജന്മദിനമാണ് ഇന്ന്.

കാടിന്റെ മക്കൾ പൊലും സ്വരാജ്യത്തിനായ് പോരാടിയ അക്കാലം ഭാരതത്തിന്റെ സമരേതിഹാസകാലമായിരുന്നു. അധിനിവേശ ചരിത്രത്തെ തന്റെ വാൾമുന തുമ്പിൽ പിടിച്ചു നിർത്തിയ, പട നയിച്ചെത്തിയ അക്ബറിന് മുന്നിൽ തോൽവിയറിയാത്ത, പട കുതിരയെപ്പോലും രണാങ്കണ ചരിതത്തിലെ സൂര്യതാരകമാക്കിയ ധീരനായ പോരാളി. മഹാനായ ഛത്രപതി ശിവജിക്കൊപ്പം ഭാരത ചരിത്രം വാക്കുകളിൽ അഗ്നി ജ്വലിപ്പിച്ചെഴുതി ചേർത്തത് ഒരേ ഒരു രാജാവിനെ കുറിച്ച് മാത്രം.. മഹാറാണാ പ്രതാപ്..

മേവാറിന്റെ രണ യോദ്ധാവ്. 1572 ഫെബ്രുവരി 28 മുതൽ 1597 ജനുവരി 29 വരെയുള്ള കാലഘട്ടം ഭാരതത്തിൽ പോരാട്ടങ്ങളുടെ ഇതിഹാസ കാലമാക്കി തീർത്ത മഹാറാണാ പ്രതാപ്. നാടുരാജ്യങ്ങൾ കീഴടക്കി വന്ന മുഗള പടക്ക് തോൽക്കേണ്ടി വന്നത് 7 അടി അഞ്ച് ഇഞ്ച് ഉയരമുള്ള ഈ യുദ്ധവീരന്റെ 25 കിലോ തൂക്കമുള്ള വാൾമുന തുമ്പിലായിരുന്നു.

1540 മെയ് 9 ന് കുംഭൽഗഢ് കോട്ടയിൽ ഉദയ് സിംഹന്റെയും മഹാറാണി ജയ്വന്ത ഭായിയുടേയും മകനായി ജനിച്ചു. മുഗൾ രാജക്കന്മാർക്കെതിരെ ധീരമായി പട നയിച്ച റാണാ പ്രതാപിന്റെ മുഖ്യ എതിരാളി അക്ബർ ആയിരുന്നു. ജീവിച്ചിരുന്ന കാലത്ത് മഹാറാണാ പ്രതാപിന്റെ സാമ്രാജ്യത്തെ കീഴടക്കാൻ അക്ബറിന് സാധിച്ചില്ല എന്ന് മാത്രമല്ല പല യുദ്ധങ്ങളിലും പരാജയമടയേണ്ടി വരുകയും ചെയ്തു.

പുരാതന ഇന്ത്യയിലെ മേവാർ രാജ്യ ചക്രവർത്തിയായിരുന്നു മഹാരാജാ റാണാ പ്രതാപ് സിംഗ്. മുഗൾ രാജാവായിരുന്ന അക്ബറുമായി യുദ്ധത്തിൽ ഏർപ്പെട്ടെങ്കിലും അക്ബറിനു അദ്ദേഹത്തെ തോൽപ്പിക്കാനായില്ല. മറ്റു രജപുത്ര രാജാക്കന്മാർ സാമന്തരാജാവായി അക്ബറിനു കപ്പം കൊടുത്ത് പോന്നിരുന്നപ്പോൾ മേവാർ മഹാരാജാവായിരുന്ന പ്രതാപ് സിംഗ് മാത്രം അക്ബറിനോട് തോൽവി സമ്മതിക്കാതെ അകബറിനോട് എതിർത്ത് വിജയിച്ചു നിന്നു. വളരെ വർഷങ്ങൾക്കു ശേഷം അക്ബറിന്റെ പുത്രനായ സലിം എന്ന ജഹാംഗീറുമായി യുദ്ധം ചെയ്ത് വിജയിക്കുകയുംചെയ്ത രജപുത്രരാജാക്കന്മാരിൽ പ്രധാനിയായിരുന്നു. മുഗളർക്ക് മുൻപിൽ തോൽവിയറിയാത്ത ചരിത്ര പ്രസിദ്ധനായിരുന്ന റാണാ പ്രതാപ് സിംഗിന്റെ ചേതക് എന്ന കുതിരയും വിശ്വ പ്രസിദ്ധനായിരുന്നു.

ഹുമയൂണിനു ശേഷം അക്ബർ മുഗൾ രാജ്യ ചക്രവർത്തിയാവുകയും അന്നത്തെ ഹിന്ദുരാജാക്കന്മാരെ പലരേയും ചതുരുപായങ്ങൾ പ്രയോഗിച്ച് തന്റെ അധീനതയിലാക്കിമാറ്റി. മേവാർ ചക്രവർത്തി പ്രതാപസിംഹനെ തോൽപ്പിക്കാൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും നടന്നില്ല, എന്നല്ല പലപ്പോഴും തോൽക്കുകയും ചെയ്തു. അന്നത്തെ പ്രധാന സമ്പന്ന രാജ്യങ്ങളായിരുന്ന ജയ് പൂർ, ഉദയപൂർ, കന്യാകുബ്ജം മുതലായ ശക്തരായ രജപുത്രരാജാക്കന്മർ പോലും അക്ബറിനു മുൻപിൽ അടിയറവു പറയുകയും കപ്പം കൊടുത്ത് സാമന്തന്മാരായി മാറുകയും ചെയ്തു. ഇതിനിടയിൽ ഒരു വെള്ളിനക്ഷത്രം പോലെ റാണാ പ്രതാപസിംഹൻ തിളങ്ങിനിന്നു. രജപുത്രരുടെ കൂട്ടത്തിൽ ഒരേഒരാൾ അക് ബർ തോൽപ്പിക്കാതെ നിൽക്കുന്നതിൽ ഈ സാമന്തന്മാർ രഹസ്യമായി അഭിമാനം കൊണ്ടു. പലപ്പോഴും ഇത് നല്ലപോലെ മനസ്സിലാക്കിയിരുന്ന അക്ബർ മേവാർ കീഴടക്കാതെ രാജ്യം തന്റെ കീഴിൽ കൊണ്ടു വരുവാൻ സാദ്ധ്യമല്ലെന്ന് കരുതി സർവ്വശക്തിയും പ്രയോഗിച്ച് പ്രതാപസിംഹനേ തോല്പിക്കണമെന്ന് തിരുമാനിച്ചു.

അക്ബർ തന്റെ മൂത്ത പുത്രനായ സലിമിനെ (ജഹാംഗീർ) സർവ്വസൈന്യാധിപനായി നീയമിക്കുകയും സലിമിന്റെ നേതൃത്വത്തിൽ അക്ബറിന്റെ സൈന്യം മേവാർ ആക്രമിക്കുകയും ചെയ്തു. റാണാ പ്രതാപ് സിംഗിന്റെ നേതൃത്വത്തിൽ രജപുത്ര സൈന്യവുമായി ഹൽദിഘട്ട് എന്ന സ്ഥലത്തുവച്ച് ഏറ്റുമുട്ടി. പ്രതാപ് സിംഗിനെ വധിക്കരുതെന്ന് അക്ബർ പ്രത്യേകം നിർദ്ദേശം കൊടുത്തിരുന്നെങ്കിലും അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ കീഴടക്കാൻ സാധ്യമല്ലന്ന് വളരെ പെട്ടെന്നുതന്നെ ജഹാംഗീറിനു മനസ്സിലായി.

1576 ജൂൺ 18 മുതൽ 21 വരെ നീണ്ട യുദ്ധമാണ് വിശ്വ പ്രസിദ്ധമായ ഘൽദിഘട്ട് യുദ്ധം. (1576 ജൂൺ 21 ന് ആണ് ചേതക് മരണമടഞ്ഞത്.) മാൻ സിംഗിന്റേയും അസഫ് ഖാന്റേയും നേതൃത്വത്തിൽ വന്ന മുഗള സൈന്യം ഘൽദി ഘട്ടിൽ വച്ച് ഏറ്റുമുട്ടി. 400-500 ദീൽ പോരാളികൾ ഉൾപ്പെടെ മൂവായിരം കാലാൾപ്പടയും രണ്ടായിരം കലാൾപ്പടയും നൂറ് ആനപ്പടയും നൂറ് കുന്തപ്പടയും ചേർന്ന മഹാ റാണാ പ്രതാപിന്റെ സൈന്യമാണ് മാൻ സിംഗിന്റെ 80000 പടയാളികളെ നേരിട്ടത്. രജപുത്ര യുദ്ധ വീര്യത്താൽ പതിനായിരങ്ങൾ അണിനിരന്ന മുഗളപ്പട ഛിന്നഭിന്നമായി പോയി. സൈന്യശക്തിയാൽ ശക്തരായ മുഗൾ സൈന്യം രജപുത്ര യോദ്ധാക്കളുടെ യുദ്ധവീര്യത്താൽ ചിതറി തെറിച്ചു. എടുത്തു പറയേണ്ടത് സ്വരാജ്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ മേവാറിലെ ആദിവാസികളായ ഭീൽ വംശജർ റാവു പുൻ ജാജി എന്ന പോരാളിയുടെ നേതൃത്വത്തിൽ തങ്ങളുടെ തനതായ ആയുധങ്ങളുമായ് പോർക്കളത്തിൽ റാണാ പ്രതാപിനെ സഹായിക്കുവാനെത്തിയിരുന്നു.യുദ്ധത്തിൽ വിജയം കാണാതെ മുഗളപ്പടക്ക് പിൻമാറേണ്ടി വന്നു.

ആനപ്പുറത്തേറിയെത്തിയ സലിം രാജകുമാരനെ ചേതകിന്റെ പുറത്തേറിയെത്തിയ റാണാ പ്രതാപിന്റെ ആക്രമണം പൂർണ്ണതോൽവി പറഞ്ഞു മടക്കി. പക്ഷേ ആ യുദ്ധത്തിൽ ഒറ്റയ്ക്കു പോരാടിയ പ്രതാപ് സിംഗിന് മാരകമായ മുറിവേക്കുകയും, മേവാറിന്റെ സൈന്യത്തിനു വളരെയേറെ നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തു. റാണാ പ്രതാപിന്റെ ആഴത്തിലുള്ള മുറിവു കാരണം ചോര വാർന്ന് അവശനായ അദ്ദേഹത്തിന്റെ കാഴ്ച ശക്തി കുറയുകയും അതുമനസ്സിലാക്കിയ ചേതക് അദ്ദേഹത്തേയും കൊണ്ട് അവിടെ നിന്നും രക്ഷപ്പെടുകയും ചെയ്തു. പക്ഷേ ചാരന്മാരായി പിന്തുടർന്ന മുഗളന്മാർ അദ്ദേഹത്തെ കണ്ടു പിടിക്കുകയും ചോര വർന്ന് അവശനായ അദ്ദേഹത്തോട് വീണ്ടും ഏറ്റുമുട്ടി. അതുവരെ എതിർ ചേരിയിലായി മുഗളർക്കൊപ്പം നിന്ന് യുദ്ധം ചെയ്ത പ്രതാപ് സിംഗിന്റെ അനുജനായ ശക്തസിംഗ് ജ്യേഷ്ഠന്റെ ധീരമായ പോരാട്ടത്തിൽ ചേട്ടനോടുള്ള ആരാധനകൂടുകയും അദ്ദേഹത്തിനെ സഹായിച്ചു. ശക്തൻ പ്രതാപനോട് ക്ഷമ ചോദിക്കുകയും അദ്ദേഹത്തിന്റെ മഹത്ത്വമറിയാതെ ചെറുപ്പത്തിന്റെ ചെയ്ത വിവരക്കേടിൽ ദുഖിക്കുകയും ചെയ്തു. പക്ഷേ ഇതിനോടകം മേവാർ മുഗളർ പിടിച്ചെടുത്തിരുന്നു. വീണ്ടുമുണ്ടായ യുദ്ധത്തിൽ മുഗളരെ തോൽപ്പിക്കുകയും മേവാറും, കൂട്ടത്തിൽ പല രജപുത്രരാജ്യങ്ങളും റാണാ പ്രതാപ് സിംഗ് തന്റെ രാജ്യത്തോട് ചേർത്ത് രാജ്യം കൂടുതൽ സമ്പന്നമാക്കി.

രജപുത്ര സൈനികരുടേയും ഭീൽ വംശജരുടേയും പോരാട്ടവീര്യങ്ങൾ കൊണ്ട് പ്രകമ്പിതമായ യുദ്ധ മുഖത്ത് മറ്റൊരു ചരിത്രം പിറക്കുകയായിരുന്നു. ഉയര കൂടുതലുള്ള മുഗൾ സൈന്യത്തിന്റെ ആന പടക്കുമേൽ രജപുത്ര സൈന്യം നാശം വിതച്ച് മുന്നേറുമ്പോൾ റാണാ പ്രതാപ്പിന്റെ പോരാട്ട വീര്യത്തെ നെഞ്ചിലേക്കാവാഹിച്ച് യുദ്ധഭൂമിയിൽ ചരിത്രം രചിച്ച ഒരു യോദ്ധാവ് ഉണ്ട്. അക്ബറിന്റെ സൈന്യാധിപൻ മാൻസിങ്ങിന്റെ ആനയുടെ മസ്തകത്തിലേക്ക് മുൻ കാൽ വച്ച് കുതിച്ച് കയറിയ ചേതക് എന്ന യാഗാശ്വം. യുദ്ധത്തിൽ പരിക്ക് പറ്റിയ റാണാ പ്രതാപിനേയും രക്ഷിച്ച് കിലോമീറ്ററുകളോളം സഞ്ചരിച്ച് യജമാനനെ സുരക്ഷിത സ്ഥാനത്ത് ഇറക്കിയ ചേതക് അവിട തന്നെ മരണപ്പെടുകയാണ് ചെയ്തത്. 1576 ജൂൺ 21 ന് ആണ് ചേതക് മരണമടഞ്ഞത്. ഇന്ന് ആ സ്ഥലത്ത് ലോകത്തൊരിടത്തും കാണാൻ സാധിക്കാത്ത യുദ്ധ സ്മരകമുണ്ട്. യഥോചിതം അന്ത്യ കർമ്മങ്ങൾ നൽകി റാണാ പ്രതാപ് ചേതക് എന്ന കുതിരയെ സ്വാതന്ത്ര്യ സമര ചരിത്രത്തിലേക്ക് എഴുതി ചേർത്തു. മരിച്ചു വീണ രാജസമണ്ടിലും ഘൽദിഘട്ടിലും ഉദയ്പുരിലെ മോട്ടി മാർഗിലും സ്മാരകം ഉണ്ട്. ചേതക്കിന്റെ യുദ്ധ ചരിത്രം പിൽക്കാലത്ത് ഖുമ്മനാ രസോ കഥകളിലൂടെ ചരിത്രത്തോട് എഴുതി ചേർത്തു.

ഘൽ ദിഘട്ട് കീഴടക്കാൻ അക്ബറിന് ഒരിക്കലും സാധിച്ചില്ല. 1579 ന് ശേഷം റാണാ പ്രതാപിന്റെ മരണ കാലം വരെ പിന്നീട് ഒരു മുഗൽ രാജാവിനും മേവാറിൽ കാലു കുത്താൻ സാധിച്ചില്ല. 1585 ൽ അക്ബറിന് ലാഹോറിലേക്ക് പോകേണ്ടി വന്നു. കുംഭൽ ഗഢ്, ഉദയ്പുർ, ഗോഗുണ്ട, രത്നംഭോർ, ചിത്തോർ തുടങ്ങിയവയെല്ലാം റാണാ പ്രതാപ് തിരിച്ചു പിടിച്ചു. ഇന്നത്തെ ദുങ്കാർപുറിന് സമീപത്തുള്ള ചവന്ത് കേന്ദ്രമാക്കി പുതിയ തലസ്ഥാനം രൂപികരിച്ചു മേവാറിനെ പ്രതാപകാലത്തെത്തിച്ചു.

1597 ജനുവരി 29 ന് 56 വയസ് ഉള്ളപ്പോൾ രാജ്യ തലസ്ഥാനമായ ചവന്തിൽ വച് മരണമടഞ്ഞു. സംസ്കാരം വൺടോലി എന്ന ഗ്രാമത്തിൽ നടന്നു. ഇന്ന് ചൈനയിലെ വൻ മതിൽ കഴിഞ്ഞാൽ ലോകത്തിലെ രണ്ടാമത്തെ വൻ മതിൽ ഉള്ള കുംഭൽഘട് കോട്ടയും രൺദംഭോരും യുദ്ധ വീരന്മാരുടെ ശവകുടീരത്താൽ ഇന്നും കാണുമ്പോൾ ആവേശോജ്ജ്വലമാക്കുന്ന ഘൽദിഘട്ടും റാണാ പ്രതാപ് അന്ത്യ വിശ്രമം കൊള്ളുന്ന വൺടോലിലും മരിക്കാത്ത സമര താരക സ്മാരകമായി നില നിൽക്കുന്നു.

പിൽക്കാലത്ത് മുഗൾ സാമ്രാജ്യത്തിനെതിരെ പോരാടിയ മഹാറാണാ പ്രതാപും ഛത്രപതി ശിവജിയും കൊളുത്തിയ സമരജ്വാല പകർന്നാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമരം ശക്തിയാർജ്ജിച്ചത്.

Twitter Delicious Facebook Digg Stumbleupon Favorites More